ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
ഒറ്റ നോട്ടത്തില്‍

എറണാകുളം ജില്ലയില്‍ മൂവാറ്റുപുഴ താലൂക്കില്‍ മൂവാറ്റുപുഴ ബ്ളോക്ക് പരിധിയില്‍ ആരക്കുഴ, മാറാടി വില്ലേജുകള്‍ ഉള്‍പ്പെടുന്ന ഗ്രാമപഞ്ചായത്താണ് ആരക്കുഴ ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിന്റെ വിസ്തീര്‍ണ്ണം 29.31 ചതുരശ്ര കിലോമീറ്ററാണ്. പഞ്ചായത്തിന്റെ അതിരുകള്‍ വടക്ക് മൂവാറ്റുപുഴ നഗരസഭയും, മാറാടി, ആവോലി പഞ്ചായത്തുകളും, തെക്ക് പാലക്കുഴ, മണക്കാട് (ഇടുക്കി) പഞ്ചായത്തുകളും, കിഴക്ക് ആവോലി, മണക്കാട് (ഇടുക്കി) പഞ്ചായത്തുകളും, പടിഞ്ഞാറ് മാറാടി, തിരുമാറാടി പഞ്ചായത്തുകളുമാണ്. നാട്ടുരാജ്യമായിരുന്ന തിരുവിതാംകൂറിലെ കോട്ടയം ജില്ലയില്‍ ഉള്‍പ്പെട്ടിരുന്ന ആരക്കുഴ, വടക്കുംകൂര്‍ രാജ്യത്തിന്റെ ഭാഗമായിരുന്നു. നാട്ടുരാജ്യങ്ങള്‍ സംയോജിപ്പിക്കപ്പെട്ടപ്പോള്‍ തിരുക്കൊച്ചിയുടേയും, ഭാഷാസംസ്ഥാനങ്ങള്‍ വന്നപ്പോള്‍ കേരളത്തിന്റേയും ഭരണസീമയില്‍ വന്നു ഈ പ്രദേശം. പ്രശസ്ത എഴുത്തുകാരി അരുന്ധതി റോയിയുടെ അമ്മ മേരി റോയ്  ഇന്നാട്ടുകാരിയാണ്. 1915-ല്‍ ആരംഭിച്ച കര്‍മ്മലീത്താ വിഭാഗക്കാര്‍ ആരംഭിച്ച സെന്റ് ജോസഫ്സ് എല്‍.പി.സ്കൂളാണ് ആരക്കുഴയിലെ ആദ്യത്തെ സ്കൂള്‍. ആരക്കുഴ പഞ്ചായത്തിന് വളരെ പഴക്കവും പാരമ്പര്യവുമുള്ള സാംസ്ക്കാരിക പൈതൃകം ഉണ്ട് എന്നുള്ളതിന് പ്രത്യക്ഷതെളിവാണ് പഞ്ചായത്തിന്റെ ഹൃദയഭാഗത്തു സ്ഥിതി ചെയ്യുന്ന അതിപുരാതനമായ ക്രിസ്തീയ ദേവാലയം. ആരക്കുഴ ഉണ്ണിയാതിരിയുടേയും ചേറ്റൂര്‍ കര്‍ത്താക്കന്‍മാരുടേയും കാലത്ത് കളരിപ്പയറ്റ്, യോഗാഭ്യാസം തുടങ്ങിയ സാംസ്ക്കാരിക കലകള്‍ ഈ ഗ്രാമത്തില്‍ പരിപോഷിപ്പിച്ചിരുന്നതായി കാണാം. പളളിയോടനുബന്ധിച്ച് വിദ്യാഭ്യാസം, സഹകരണം തുടങ്ങിയ സാംസ്ക്കാരിക പ്രവര്‍ത്തനങ്ങളും അമ്പലങ്ങളോടും കാവുകളോടും അനുബന്ധിച്ച് കൂത്ത്, കൂടിയാട്ടം തുടങ്ങിയ കലകളും പ്രചരിപ്പിച്ചിരുന്നതായി കാണുന്നു. ഹിന്ദു ആരാധനാ സ്ഥലത്ത് ചെണ്ടമേളം, പാദ പൂജ, മുടിയേറ്റ്, തൂക്കം, കളമെഴുത്ത്, അമ്മന്‍കുടം, ശാസ്താംപാട്ട്, തുടി, ഉടുത്ത്, പുല്ലാംകുഴല്‍ മുതലായ കലാപരിപാടികള്‍ ഇന്നും നിലനില്‍ക്കുന്നുണ്ട്. ക്രിസ്ത്രീയ ദേവാലയ പെരുന്നാളിനോടനുബന്ധിച്ച് ബാന്റുമേളം, ചെണ്ട, നാടകം തുടങ്ങിയ കലകളും ഇന്നും കണ്ടു വരുന്നു. അതിപുരാതനമായ ആരക്കുഴപ്പള്ളിയില്‍ നിന്നും പിരിഞ്ഞ് മേമടങ്ങ്, തോട്ടക്കര, മീങ്കുന്നം, പെരുമ്പല്ലൂര്‍, പെരിങ്ങഴ എന്നീ സ്ഥലങ്ങളില്‍ ഒരോ ചെറിയപള്ളികള്‍ സ്ഥാപിച്ച് ആരാധനാ സൌകര്യം ഏര്‍പ്പെടുത്തിയിട്ട് 100-ല്‍ പരം വര്‍ഷങ്ങളായിട്ടുണ്ട്. ആരക്കുഴ ഫെറോനാ പള്ളിയുടെ തൊട്ടടുത്ത് തീര്‍ത്ഥാടനകേന്ദ്രമായ കുരിശുമലയില്‍ സെന്റ് തോമസിന്റെ നാമത്തില്‍ ഒരു ദേവാലയം സ്ഥിതി ചെയ്യുന്നുണ്ട്. ആണ്ടില്‍ ഒരു പ്രാവശ്യം പുതുഞായറാഴ്ച ദിവസം നാനാജാതി മതസ്ഥരായ ദേശീയരും വിദേശിയരുമായ  അനേകായിരം വിശ്വാസികള്‍ ഈ തീര്‍ത്ഥാടനകേന്ദ്രം സന്ദര്‍ശിച്ച് സായൂജ്യം അടയുന്നു. പെരിങ്ങഴ ഭഗവതിക്ഷേത്രവും 2-ാം വാര്‍ഡിലെ കൈപ്പുള്ളിക്കാവും മഴുവഞ്ചേരി ഇല്ലം വക ക്ഷേത്രവും 4-ാം വാര്‍ഡില്‍ അതിപുരാതനമായ ഞള്ളൂര്‍ക്കാവും 5-ാം വാര്‍ഡില്‍ പൂതക്കാവ് ഭഗവതി ക്ഷേത്രവും മുല്ലപ്പടി പരദേവതാ ക്ഷേത്രവും 8-ാം വാര്‍ഡില്‍ 1400 കൊല്ലം പഴക്കമുള്ള തോട്ടക്കരക്കാവും 9-ാം വാര്‍ഡിലെ പുരാതനമായ പെരുമാക്കാവ് ക്ഷേത്രവും സജീവമായ ആരാധനാ സ്ഥലങ്ങളും സാംസ്ക്കാരിക കേന്ദ്രങ്ങളുമാണ്.